വിഴിഞ്ഞം: ഏകദേശം ഉച്ചക്ക് പന്ത്രണ്ടരയോടെ കടലിൽ നിന്നു പറക്കുംതളിക മാതൃകയിൽ രണ്ടു കൂറ്റൻ വാഹനം കരയിലേക്കു പ്രവേശിച്ചു.... തിരമാലകളെ വേഗത്തിൽ തള്ളിനീക്കി പൊടിയും പറത്തി മണൽപ്പരപ്പിൽ ഉറച്ചു നിന്ന വാഹനത്തിൽ സൈനികരും...
നാടോടിക്കഥകളിലും മറ്റും കേട്ടുകേൾവിയുള്ള അപൂർവ വാഹനത്തിന്റെ അപ്രതീക്ഷിതമായ വരവ് കണ്ട വിഴിഞ്ഞം അടിമലത്തുറ നിവാസികൾ ഞെട്ടി. ഉൾക്കടലിൽ കൂടി മാത്രം ഓടുന്നതു കണ്ടിട്ടുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും യുദ്ധക്കപ്പൽ മാതൃകയിലുള്ള വാഹനത്തിൻന്റെ വരവിനെക്കുറിച്ചു പലകഥകളും പറഞ്ഞു. കണ്ടു നിന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളും അമ്പരന്നു. ഒടുവിൽ പൊലിസും കോസ്റ്റ് ഗാർഡ് സംഘങ്ങളും തീരദേശ പൊലിസ് സംഘവും കരയിൽ കയറിയ വാഹനത്തിന്റെ അടുത്തെത്തി കാര്യങ്ങൾ തിരക്കിയതും തീരത്തുണ്ടായിരുന്നവർ കൗതുകത്തോടെ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാവൽ കിടന്ന് ഇന്ത്യൻ ജനതയ്ക്കു സുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി നിർമിച്ച അത്യാധുനിക സംവിധാനമുള്ള രണ്ടു കപ്പലുകളാണ് ഇന്നലെ കൗതുക കാഴ്ചയൊരുക്കി കരയിലേക്ക് ഇരച്ചു കയറിയത്. ഗോവ ഷിപ്പിയാർഡിൽനിന്ന് കമ്മിഷൻ ചെയ്തപാടെയാണ് മംഗലാപുരം, കൊച്ചി വഴി കപ്പലുകൾ വിഴിഞ്ഞത്തെത്തിയത്. കേരളത്തിലെ ഏതൊക്കെ തീരമേഖലയിൽ കയറിയിറങ്ങാമെന്നു കണ്ടെത്തുന്ന സർവേയുടെ ഭാഗമായാണ് രണ്ട് എയർ പുഷിംഗ് വെസൽ എന്ന ഹോവർ ക്രാഫ്റ്റുകളുടെ വരവ്. വേഗതയുടെ കാര്യത്തിൽ കടലിലെ "പറക്കുംതളിക' തന്നെയാണ് തീരസംരക്ഷണ സേനക്ക് കരുത്തുപകരാൻ എത്തിയ എച്ച് 561, എച്ച് 562 എന്നീ കടൽയോദ്ധാക്കൾ. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയംകൂടാതെ ശത്രുക്കളെ നേരിടാൻ ശക്തിയുള്ള യുദ്ധക്കപ്പലുകൾക്ക് മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗത്തിലെത്തി ദൗത്യം പൂർത്തിയാക്കാനുള്ള ശേഷിയുണ്ട്. ഷാർപ്പ് ഫൈറ്റിംഗിനുള്ള തോക്കുകൾ ഉൾപ്പെടെ എല്ലാ വിധ ആധുനിക സംവിധാനങ്ങളുമായാണ് വരവ്.
മൂന്ന് ഓഫിസർമാരുടെ മേൽനോട്ടത്തിൽ 16 സൈനീകർ ഓരോ കപ്പലിലും എന്തിനും തയാറായി നിലയുറപ്പിച്ചിട്ടുണ്ട്. കാഴ്ചയിൽ പറക്കുംതളിക മാതൃകയിലുള്ള ഇവയുടെ റബ്ബർ നിർമിത അടിഭാഗത്ത് കാറ്റുനിറച്ച് കടലിൽ കൂടി പായാമെങ്കിൽ കരയിൽ കയറിയശേഷം കാറ്റ് ഊരിവിട്ട് പതിഞ്ഞു കിടക്കാനുള്ള ശേഷിയുമുണ്ട്. കൊച്ചിയിൽ നിന്നു കഷ്ടിച്ച് മൂന്നു മണിക്കൂർ കൊണ്ട് അടിമലത്തുറയിലെ തീരത്തടുത്ത കടൽ യോദ്ധാക്കൾ ദൗത്യം പൂർത്തിയാക്കി ഇന്നോ, നാളെയോ മടങ്ങും.